Sunday, January 14, 2024

ലേണേഴ്സ് പരീക്ഷയില്‍ മാറ്റം, ചോദ്യങ്ങളുടെ എണ്ണം 30 ആക്കും; ഒരു ഓഫീസില്‍ പ്രതിദിനം ലൈസന്‍സ് നല്‍കുക 20 പേര്‍ക്ക് മാത്രം

 ലേണേഴ്സ് പരീക്ഷയില്‍ മാറ്റം, ചോദ്യങ്ങളുടെ എണ്ണം 30 ആക്കും; ഒരു ഓഫീസില്‍ പ്രതിദിനം ലൈസന്‍സ് നല്‍കുക 20 പേര്‍ക്ക് മാത്രം   



                                                                                                              തിരുവനന്തപുരം : സംസ്ഥാനത്തെ ലേണേഴ്‌സ് പരീക്ഷയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ലേണേഴ്‌സ് ചോദ്യങ്ങളുടെ എണ്ണം ഉയര്‍ത്തി ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടിക്രമണങ്ങള്‍ കര്‍ശ്ശനമാക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


സംസ്ഥാനത്ത് ഡ്രൈവിങ് പരീക്ഷയ്‌ക്കുള്ള നടപടികള്‍ കര്‍ശ്ശനമാക്കാനാണ് തീരുമാനമെന്ന് ഗണേഷ് കുമാര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. വാഹനം നല്ല രീതിയില്‍ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം, വാഹനം ഏത് വിധേനയും ഓടിക്കുക എന്നതല്ല. ശുപാര്‍ശയുമായി എത്തിയാല്‍ ലൈസന്‍സ് ഇനി നല്‍കില്ല.


പ്രായോഗിക പരീക്ഷയിലും മാറ്റം വരുത്താനാണ് തീരുമാനം. എച്ച് എടുത്തത് കൊണ്ട് മാത്രമാകില്ല, റിവേഴ്‌സ് എടുത്ത് വാഹനം പാര്‍ക്ക് ചെയ്ത് കാണിക്കണം. പ്രായോഗിക പരീക്ഷയില്‍ യാതൊരു വിധത്തിലുമുള്ള ഇളവുകളും ഉണ്ടാകില്ല. നിലവില്‍ ലേണേഴ്‌സിനായി 20 ചോദ്യങ്ങളാണുള്ളത്. ഇതില്‍ 12 എണ്ണം ശരിയാക്കിയാല്‍ ലേണേഴ്‌സ് നല്‍കും. ഇത് 30 ആക്കി ഉയര്‍ത്തും, അപേക്ഷാര്‍ത്ഥി ഇതില്‍ 25 എണ്ണം ശരിയാക്കണമെന്നും മന്ത്രി പറഞ്ഞു.


മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ നിന്നും ലൈസന്‍സ് അനുവദിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. പ്രതിദിനം ഒരു ഓഫീസില്‍ നിന്ന് അനുവദിക്കുന്ന ലൈസന്‍സിന്റെ എണ്ണം 20 ആക്കി നിശ്ചയിക്കും. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളിലും കര്‍ശ്ശന പരിശോധന ഏര്‍പ്പെടുത്തും.


ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എച്ച് എടുക്കുന്നതിനും ക്യാമറ കര്‍ശ്ശനമാക്കും. ഉദ്യോഗസ്ഥര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇത്. പ്രായോഗിക പരീക്ഷയ്‌ക്കിടെ ഏതെങ്കിലും വിധത്തിലുള്ള തെറ്റ് വരുത്തിയാല്‍ ലൈസന്‍സ് നല്‍കില്ല, വീണ്ടും പരീക്ഷയ്‌ക്ക് വിധേയമാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment